ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1961 ജനുവരി 24-ാം തിയതിയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് കോയമ്പത്തൂര്‍ ജില്ല, തെക്ക് പളളിവാസല്‍ ഗ്രാമപഞ്ചായത്ത്, കിഴക്ക് ദേവികുളം, മറയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പടിഞ്ഞാറ് മാങ്കുളം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. 187 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മൂന്നാര്‍ പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ സംസ്കാരം കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പച്ചവിരിച്ച് കിടക്കുന്ന തേയിലതോട്ടങ്ങള്‍ നിറഞ്ഞ മൂന്നാര്‍ പ്രദേശങ്ങളില്‍ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പട്ടാണി തുടങ്ങിയ ശീതകാല പച്ചക്കറികള്‍ മുതല്‍ സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായ ഗോതമ്പ്, സൂചിഗോതമ്പ്, വെളുത്തുള്ളി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷിചെയ്യുന്നു. കൊടുമുടികളും കീഴ്ക്കാം തൂക്കായപാറകളും, കുന്നുകളും, താഴ്വരകളും, ചെറിയ സമതലങ്ങളും നിറഞ്ഞ പ്രദേശമായ മൂന്നാര്‍ മലനാടുമേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ ആനമുടി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. മൂന്നാറില്‍ നിന്നും ഏകദേശം 30 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയുടെ ഉയരം 8841 അടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതികഠിനമായ മഴയും, തണുപ്പും 8 മാസത്തിലേറെ നീണ്ട് നില്‍ക്കുന്ന കോട മഞ്ഞും മൂലം ഈ പ്രദേശത്തെ ജനജീവിതം ദുഷ്കരമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റമാണുണ്ടായത്. മൂന്നാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന നല്ലാര്‍, പാലാര്‍, കന്നിയാര്‍ എന്നിവ മൂന്നാറില്‍ സംഗമിച്ച് മുതിരപ്പുഴയാറെന്ന പേരില്‍ പടിഞ്ഞാറോട്ടൊഴുകി പെരിയാറിന്റെ പോഷകനദിയായി മാറുന്നു. മുതിരപ്പുഴയിലാണ് സര്‍.സി.പി.രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്സ് എന്ന ചെറിയ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും തിരിച്ച് വിടുന്ന ജലം ഉപയോഗിച്ച് പള്ളിവാസല്‍ ജലവൈദ്യുത നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. മൂന്നാര്‍ പഞ്ചായത്തിലെ ഭാഗമായിരുന്ന മാങ്കുളം പ്രദേശത്ത് റബ്ബര്‍ കൃഷി 250-ഓളം ഹെക്ടര്‍ സ്ഥലത്ത് ചെയ്തു വരുന്നു. മൂന്നാര്‍, വട്ടവട പഞ്ചായത്തുകള്‍ പച്ചക്കറികൃഷിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഹരിതകമ്പളം പുതച്ച തേയില തോട്ടങ്ങളുടെ നാടായ തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം ബ്ളോക്കു പഞ്ചായത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നിരവധിയാണ്. തെക്കേ ഇന്ത്യയിലെ ഉയര്‍ന്ന കൊടുമുടിയായ ആനമുടി, വരയാടുകള്‍ വിഹരിക്കുന്ന രാജമല, പുല്‍മേടുകളുടെ ഇരവികുളം വന്യമൃഗ സങ്കേതം, മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങള്‍, ദേവികുളം തടാകം ടോപ്പ് സ്റ്റേഷന്‍, ഇന്‍ഡോസ്വിസ്സ് പ്രോജക്ട് എന്നിവ ഈ ബ്ളോക്കിലാണ്. മറയൂരിലെ ചന്ദനക്കാടുകള്‍, മഹാശിലായുഗകാലത്തെ എഴുത്തറകളും, മുനിയറകളും, ചിന്നാര്‍ വന്യമൃഗസങ്കേതം, പാമ്പാറിന്റെ മനോഹാരിത, കോവല്‍ക്കടവിലെ ഐതിഹാസികമായ തെങ്കാശിനാഥന്‍ ഗുഹാക്ഷേത്രം, തൂവാനം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ഗുഹനാഥപുരം ജലാശയം, വട്ടവടയിലെ മനോഹരമായ കുന്നുകള്‍, ശാന്തമ്പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍പ്പെട്ട ആനയിറങ്കല്‍ ഡാം, കൊടൈക്കനാലിനോട് സദൃശ്യമായ ഗ്യാപ് പ്രദേശം, നയനമനോഹരമായ മുട്ടുകാട് ഗ്രാമം, വേണാട്ട് മലയിലുള്ള അതിപുരാതനമായ ഡസന്‍കണക്കിനുള്ള മുനിയറകള്‍ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നിരവധി തേയില ഫാക്ടറികളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും പൊതുധാരയില്‍ നിന്നകന്നു കഴിയുന്ന ആദിവാസികളും മാങ്കുളവും ഇടമലക്കുടിയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാര്‍ മലനിരകളുടെ ആകര്‍ഷണീയത പതിനായിരക്കണക്കിന് ടൂറിസ്റ്റുകളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നു.
പശ്ചിമഘട്ട മലനിരകളുടെ ശൃംഗലയിൽപ്പെട്ട പർവ്വത താഴവരയായ മൂന്നാറിന്റെ ഘോരവനാന്തരങ്ങളിൽ മനുഷ്യവാസം ആരംഭിച്ചത് എ.ഡി. 900 ആണ്ട് മുതലാണെന്ന് അനുമാനിക്കപ്പെടുന്നു. തമിഴ്‌നാട്ടിൽ നാട്ടുരാജാക്കന്മാർ തമ്മിൽ നടന്ന യുദ്ധത്തിന്റെ ഫലമായി ജീവരക്ഷാർത്ഥം പലായനം ചെയ്ത് വന്നവരാണ് മൂന്നാറിലെ ആദ്യ കുടിയേറ്റക്കാർ. മുതുകിൽ ഭാരം ചുമന്നുകൊണ്ട് വന്നവരായതിനാൽ ഇവർ മുതുവാന്മാർ എന്ന പേരിൽ അറിയപ്പെട്ടു. ഏകദേശം 900 വർഷക്കാലം പുറംലോകമറിയാതെ ഇവരുടെ തലമുറ കാട്ടുമൃഗങ്ങളോട് മല്ലിട്ട് ജീവിച്ച് മരിച്ചു.
1877-ൽ തിരുവിതാംകൂർ സർക്കാരിൽ അഭിഭാഷകനായിരുന്ന കേണൽ ജോൺ ഡാനിയൽ മൺറോ അന്നത്തെ നാട്ടുരാജാവ് കണ്ണൻ തേവനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ സഹായത്തോടെ പൂഞ്ഞാർ മഹാരാജാവിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിക്കുകയും കാർഷിക ജോലികൾക്കായി തമിഴ്‌നാട്ടിലെ വിവിധ മേഖലകളിൽ നിന്നും ജനങ്ങളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തെ ഇന്നത്തെ പൊതുസമൂഹം രൂപപ്പെട്ടത്.
പാലാറിന്റേയും, കന്നിയാറിന്റേയും, നല്ലതണ്ണിയാറിന്റേയും സംഗമ ഭൂമിയ്ക്ക് മൂന്നാർ എന്ന് നാമകരണം ചെയ്ത് ഈ പ്രദേശത്തിന്റെ ഹൃദയ ഭൂമിയാക്കി. അതുവരെ ഇവിടെ ജീവിച്ചിരുന്ന മുതുവാന്മാർ ഇടമലക്കുടിയിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേയ്ക്കും പിൻവലിഞ്ഞു. മൂന്നാറിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻമ്പ് തന്നെ ആദിവാസികളുടെ ആരാധനാലയമായിരുന്നു. ഇവരുടെ വിളക്ക് മഹോത്സവമാണ് ഇന്ന് കാർത്തിക ഉത്സവമായി അറിയപ്പെടുന്നത്. പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി തിരുവോണനാളിൽ പ്രജകളെ കാണാൻ എത്തും എന്ന വിശ്വാസം പോലെ കാർത്തിക ഉത്സവത്തിന് മുതുവാന്മാർ മലയിറങ്ങി മൂന്നാറിലെത്തും. ഇവരുടെ ഉത്സവം ഇന്നും മുതുവാൻ കാർത്തിക എന്ന പേരിലറിയപ്പെടുന്നു.
മൂന്നാർ മേഖലയിൽ ആദ്യമായി കൃഷി ചെയ്യപ്പെട്ടത് കോപ്പി, ഏലം, സിങ്കോണ, സിസൽ എന്നീ വിളകളാണ്. എന്നാൽ ഈ കൃഷികൾ പ്രതീക്ഷയ്ക്കൊത്ത് പുരോഗതി കൈവരിക്കാതിരുന്നതിനാൽ തേയില കൃഷിയിലേയ്ക്ക് ചുവടുമാറ്റം വരുത്തുകയായിരുന്നു. ആദ്യകാലഘട്ടങ്ങളിൽ ജനവാസം കൂടുതൽ ദുഷ്കരമാക്കുന്ന തരത്തിലുള്ള ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ ലഭിച്ചിരുന്നത്. കടുത്ത മഴയുടെ ഭാഗമായി ഉയർന്ന പ്രദേശമായ മൂന്നാറിൽ 1924-ൽ വെള്ളപ്പൊക്കം ഉണ്ടാവുകയും മൂന്നാർ ടൗണും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലാകുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം മൂന്നാർ പട്ടണം ഇപ്പോഴുള്ള പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും അന്നത്തെ മൂന്നാർ പഴയ മൂന്നാർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. പിന്നീട് ഈ അടുത്ത കാലത്ത് വരെ വ്യാപകമായി ഉരുൾപൊട്ടലുണ്ടാവുകയും മനുഷ്യ ജീവനും കാർഷിക വിളകളും വലിയ തോതിൽ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഈ പ്രദേശത്തിന്റെ പ്രകൃതി രമണീയതയിൽ ആകൃഷ്ടരായി ഒട്ടേറെ വിനോദ സഞ്ചാരികൾ ഇവിടെ വന്നുപോയിരുന്നുന്നെങ്കിലും ഏകദേശം രണ്ട് ദശാബ്ദങ്ങൾക്കിപ്പുറമാണ് ഇവിടെ ടൂറിസം ഒരു വ്യവസായമായി വളർന്നതും മൂന്നാർ ലോക ടൂറിസം ഭൂപടത്തിൽ നിർണ്ണായകമായ ഒരു സ്ഥാനം കൈവരിച്ചതും. ബ്രിട്ടീഷുകാരുടെ അധീനതയിൽ ഉണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായിരുന്ന കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി ഈ മേഖലയിൽ നടത്തിയ കെട്ടിട നിർമ്മാണങ്ങൾ പൂർണ്ണമായും പരിസ്ഥിതിയുമായി സന്തുലനം പുലർത്തി വരുന്ന വിധത്തിലുള്ളതായിരുന്നു. സമീപ കാലത്തുണ്ടായ ടൂറിസ്റ്റുകളുടെ അനിയന്ത്രിതമായ ഒഴുക്ക് താമസ സൗകര്യം വിപുലപ്പെടുത്തേണ്ട സാഹചര്യത്തിലേയ്ക്ക് നയിക്കുകയും ആയതിന്റെ ഫലമായി പല സ്ഥലങ്ങളിലും ബഹുനില കെട്ടിടങ്ങൾ ഉയർന്നു വരികയും ചെയ്തു.